മഞ്ഞുകാലമെത്തിയാൽ ചർമ്മം വരണ്ടുണങ്ങുന്നത് പൊതുവെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. സൗന്ദര്യത്തിൽ അൽപം ശ്രദ്ധചെലുത്തുന്ന വ്യക്തികളാണെങ്കിൽ മഞ്ഞുകാലമെത്തിയാൽ പിന്നെ ശ്രദ്ധ മുഴുവനും സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കായിരിക്കും. അമിതമായി കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ പുരട്ടിയാൽ അത് മറ്റു പല അലർജി പ്രശ്നങ്ങൾക്കും വഴി വയ്ക്കും. അപ്പോൾ പിന്നെ മഞ്ഞുകാലത്ത് ചർമ്മം എങ്ങനെ സംരക്ഷിക്കും? ചർമ്മ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ ക്രീമുകളെക്കാൾ ശരീരത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും നല്ലത് ആവശ്യമായ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്. ഇതിൽ പ്രധാനമാണ് ജ്യൂസുകൾ. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ജ്യൂസുകൾ പരീക്ഷിക്കാം..
ബീറ്റ്റൂട്ട് നെല്ലിക്കാ ജ്യൂസ്
ബീറ്റ്റൂട്ടും നെല്ലിക്കയും ധാരാളം ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവ രണ്ടും ചേർത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നത് ശരീരത്തിന് നിറം വയ്ക്കാനും ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു.
നാരങ്ങാ നീര് ചേർത്തുള്ള കരിമ്പ് ജ്യൂസ്
കരിമ്പ് ജ്യൂസിൽ ധാരാളം സൂക്രോസ് ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. ഇതിനുപുറമെ നാരങ്ങാ നീര് ഇതിൽ ചേർക്കുന്നത് വിറ്റാമിൻ-സി ലഭിക്കാനും ഇത് ചർമ്മത്തിന് തിളക്കമേകാനും സഹായിക്കുന്നു.
നാരങ്ങാ നീര് ചേർത്തുള്ള ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ ചെറുത്തു നിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് സംരക്ഷണം നൽകുന്നു. ഇതിനുപുറമെ നാരങ്ങാ നീരും തേനും ചേർത്ത് കുടിക്കുന്നത് ശരീരത്തിന് തിളക്കമേകാൻ സാധിക്കുന്നു.