ഇന്ന് പ്രായഭേദമന്യ എല്ലാവരും കാത് കുത്തുന്നു. പണ്ട് കാലത്ത് കാത് കുത്തലും മൂക്ക് കുത്തലും സാധാരണമായിരുന്നു. എന്നാൽ ഇന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും ദ്വാരം സൃഷ്ടിച്ച് ആഭരണങ്ങൾ അണിയുന്നു. ഇത്തരത്തിൽ ശരീരത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ദ്വാരം സൃഷ്ടിച്ച് ആഭരണങ്ങൾ അണിയുന്നത് ശരീരത്തിന് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?
ഇത്തരത്തിൽ നിരവധി സംശയങ്ങൾ ഉള്ളവരാണ് ഭൂരിഭാഗം പേരും. ശരീരത്തിൽ ദ്വാരം സൃഷ്ടിക്കുന്നതിൽ മൂന്നിലൊന്നും സങ്കീർണതകൾ ഉണ്ടാക്കുന്നു. ചിലത് തുളയ്‌ക്കുന്ന സ്ഥാനങ്ങളിൽ മാത്രം പ്രശ്നം സൃഷ്ടിക്കുന്നു. അല്ലെങ്കിൽ ശരീരമാസകലം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ശരീരത്തിൽ ദ്വാരം ഉണ്ടാക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഇതാ..
1) അണുബാധ
ശരീരത്തിലേക്ക് അണുക്കൾക്ക് സുഗമമായി കയറുന്നതിന് ഈ ദ്വാരം കാരണമാകും. പൊക്കിളിൽ ദ്വാരം സൃഷ്ടിച്ച് ആഭരണങ്ങൾ ഇടുന്നവർക്കാണ് അണുബാധ പിടിപ്പെടാനുള്ള സാധ്യത അധികവും ഉള്ളത്. സ്റ്റാഫൈലോകോക്കസ് എന്ന ബാക്ടീരിയകൾ പൊക്കിൾ വഴി ശരീരത്തിൽ കടക്കുന്നു. ഇത് പൊക്കിളിന് ചുറ്റും ചുവപ്പ് നിറം, നീർവീക്കം, പഴുപ്പ് എന്നിവയ്‌ക്ക് കാരണമാകുന്നു. തുളയ്‌ക്കുന്ന സൂചി വൃത്തിയുള്ളതും അണുവിമുക്തമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. വൃത്തിഹീനമായ സൂചി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി , സി പോലെയുള്ള വൈറസുകൾ കടക്കുന്നതിന് കാരണമായേക്കാം.
2) അലർജി
ചിലർക്ക് ചില ആഭരണങ്ങൾ ധരിക്കുന്നത് അലർജിയും ചൊറിച്ചിലും ഉണ്ടാക്കും. മിക്ക വില കുറഞ്ഞ ആഭരണങ്ങളിലും നിക്കൽ അടങ്ങിയിരിക്കുന്നു. അലർജി ഉണ്ടാക്കാനുള്ള പ്രധാന കാരണമാണ് ഇത്. സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം അല്ലെങ്കിൽ പ്ലാറ്റിനം എന്നിവയിൽ നിർമ്മിച്ച ആഭരണങ്ങളിലെ പ്രധാന ഘടകമാണ് നിക്കൽ. ചിലർക്ക് സ്വർണം അണിയുന്നതും അലർജി സൃഷ്ടിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാക്കണം.
3) അമിത രക്തസ്രാവം

രക്തയോട്ടം സുഗമമാക്കുന്നതിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അമിതമായി രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അസ്പിരിൻ, NSAIDs തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ, വൈറ്റമിൻ ഇ, ജിൻസെങ്, ജിങ്കോ, ഫിഷ് ഓയിൽ, ഒമേഗ-3 തുടങ്ങിയ വൈറ്റമിൻ സപ്ലിമെന്റുകളും അമിത രക്തസ്രാവത്തിന് കാരണമാകും.
4) നാഡി ക്ഷതം
അനാവശ്യമായി പലയിടത്തും തുളച്ച് ആഭരണങ്ങൾ അണിയുന്നത് നാഡികൾക്ക് ക്ഷതമേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൺപോളകൾ, ചുണ്ട്, നാവ് എന്നിവിടങ്ങളിലെ നാഡികളെയാണ് ഇത് അധികവും ബാധിക്കുക. കൺപോളകൾ ചലിപ്പിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെടാൻ ഇടയുണ്ട്.
5) വേദന

കുത്തുന്ന ഭാഗങ്ങളെ അടിസ്ഥാനമാക്കിയാകും വേദന. ജനനേന്ദ്രിയം, മുലക്കണ്ണുകൾ, നാവ് എന്നിവിടങ്ങളിൽ കുത്തുന്നത് വേദനയ്‌ക്ക് കാരണമാകും. വായ്‌ക്കുള്ളിൽ കുത്തുന്നത് മോണകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.















