ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് പൊതുവെ പലരിലും കണ്ടു വരുന്ന ശീലങ്ങളിലൊന്നാണ്. ബഹുഭൂരിപക്ഷം ആളുകളുടെയും വീടുകളിലെ ഫ്രിഡ്ജുകളാണെങ്കിൽ മോർച്ചറികൾക്ക് സമമാണ്. മാംസവും പച്ചക്കറികളും എന്നു വേണ്ട കണ്ണിൽ കണ്ടതൊക്കെയും ഫ്രിഡ്ജിനുള്ളിലേക്ക് കയറ്റിവെക്കാറാണുള്ളത്. പിന്നീട് ഈ ആഹാര വസ്തുക്കൾ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞായിരിക്കും നാം ചൂടാക്കി കഴിക്കുന്നത്. എന്നാൽ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ഇതിൽ തന്നെ ഒരിക്കൽ പോലും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം..
ഉരുളക്കിഴങ്ങ്

വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ആഹാര പദാർത്ഥങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഇത് ഒരു ദിവസത്തിൽ കൂടുതൽ പുറത്തുവച്ചാൽ ബാക്ടീരിയകൾ പെരുകാനും, പിന്നീട് ചൂടാക്കി കഴിക്കുമ്പോൾ പോഷകഘടകങ്ങൾ ഇല്ലാതാവാനും കാരണമാകുന്നു. ഇത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായേക്കാം.
ചോറ്

ചോറ് വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഇതിലെ അന്നജം രാസപ്രക്രിയകൾക്ക് വിധേയമാകുന്നു. ഇത് ദഹനപ്രശ്‌നങ്ങൾ അടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവക്കുന്നു.
ഇലക്കറികൾ

ഇലക്കറികൾ ചൂടാക്കുമ്പോൾ ഇതിലെ നൈട്രേറ്റുകൾ നൈട്രൈറ്റുകളായി മാറുന്നു. ഇത് ക്യാൻസറിന് കാരണമായേക്കാം.
മാംസം, കൂൺ

മാംസാഹാരങ്ങളും കൂൺ കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളും പലപ്പോഴും ചൂടാക്കി കഴിക്കുന്നത് പൊതുവെ എല്ലാ വീടുകളിലും കണ്ടു വരുന്ന ഒരു ശീലമാണ്. എന്നാൽ ഇങ്ങനെ ചൂടാക്കി കഴിക്കുമ്പോൾ ഇതിലെ വിറ്റാമിനുകളും പ്രോട്ടീനുകളും വിഘടിച്ച് വിഷപദാർത്ഥങ്ങളായി മാറുന്നു. ഇത് ശരീരത്തിന് ഹാനികരമാണ്.















