ഖത്തർ ലോകകപ്പിലെ അർജന്റൈയ്ൻ വിജയത്തിന് ഒരു വർഷം തികഞ്ഞതിന് പിന്നാലെ ആരാധകർക്ക് വൈകാരിക കുറിപ്പുമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ജിവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നാണ് മെസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ലുസൈൽ സ്‌റ്റേഡിയത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് മെസിപ്പട കപ്പുയർത്തിയത്.
തന്റെ ഫുട്‌ബോൾ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമാണിത്. അർജന്റീന 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ജീവിതകാലം മുഴുവൻ ഖത്തർ ലോകകപ്പ് ഓർമ്മകളും അർജന്റീനയുടെ കിരീടധാരണവും തന്റെ മനസിൽ നിലനിൽക്കുമെന്നും എല്ലാവർക്കും വിജയവാർഷികാശംസകളെന്നുമാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തുമായി ആറ് ഗോളുകൾ പിറന്ന ഫൈനലിൽ, പെനാൽറ്റി ഷൂട്ടൗട്ടിലാണ് 4-2ന് അർജന്റീന വിജയമുറപ്പിച്ചത്. ഗോൺസാലോ മോണ്ടിയേലാണ് അർജന്റീനയ്‌ക്കായി വിജയ ഗോൾ നേടിയത്. മെസ്സിയുടെ ഇരട്ട ഗോളുകളും എംബാപ്പെയുടെ ഹാട്രിക് ഗോളുകളും കൊണ്ട് ത്രില്ലർ പോരാട്ടമായി ഫൈനൽ മാറിയിരുന്നു. ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും മെസിയെ തേടിയെത്തിയിരുന്നു.