ചെറിയപ്പെട്ടി കടകളിലെ കുപ്പികളിലുണ്ടായിരുന്ന കടലമിഠായികളും, തേൻ മിഠായികളും നുണഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നു കടലമിഠായികളുടെ പ്രതാപകാലമായിരുന്നെങ്കിൽ ഇന്ന് വിപണികൾ കാഡ്ബറീസ് പോലുള്ള മുന്തിയ ചോക്ലേറ്റുസുകൾ അടക്കി വാഴുകയാണ്. എന്നാൽ ഇത്തരം മിഠായികളെക്കാൾ ഗുണങ്ങൾ കടല മിഠായികളിൽ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ ഇതറിഞ്ഞോളൂ..
ശൈത്യകാലത്ത് മിതമായ രീതിയിൽ കടല മിഠായി കഴിക്കുന്നത് വളരെയധികം ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. കടലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ശർക്കരയും കൂടി ചേർത്താണ് കടല മിഠായിയുണ്ടാക്കുന്നത്. ഇത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എള്ള് അടങ്ങിയ കടല മിഠായിയാണ് കഴിക്കുന്നതെങ്കിൽ ശരീരം ഊഷ്മളമാകാനും സഹായിക്കുന്നതാണ്.
നിലകടല, എള്ള്, ശർക്കര തുടങ്ങിയവ ഇതിലുള്ളതിനാൽ ധാരാളം പ്രോട്ടീൻ ഗുണങ്ങളും അയൺ ഘടകങ്ങളും ആന്റി-ഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു. കടലമിഠായിലുള്ള എള്ള് കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് അസ്ഥികൾക്കും പല്ലുകൾക്കും ബലമേകാൻ സഹായിക്കുന്നു. കൂടാതെ ശർക്കര ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായകരമാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് മറ്റു മിഠായികൾക്ക് പുറകെ പാഞ്ഞ് ആരോഗ്യം നശിപ്പിക്കാതെ മിഠായികൾ കഴിക്കാൻ തോന്നുമ്പോൾ ഓരോ കടല മിഠായി കഴിക്കാം..















