മിക്കവീടുകളിലെയും പൂന്തോട്ടത്തിൽ ആരുടെയും കണ്ണിൽപെടാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന ചെടികളുടെ കൂട്ടത്തിലൊന്നാണ് നന്ത്യാർവട്ടം. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ ഗ്രാമങ്ങളുടെ മനോഹാരിതയും തനതു ഭംഗിയും നിലനിർത്തുന്ന ഒരു ചെടിയാണ്. കേവലം ഒരു പുഷ്പം എന്നതിലുപരി നന്ത്യാർവട്ടത്തിന്റെ പൂവിന് ഗുണങ്ങളേറെയുണ്ട്. അറിയാം..
നേത്രരോഗങ്ങൾ അകറ്റാൻ നന്ത്യാർവട്ടത്തിന്റെ പൂവ് വളരെയധികം ഫലപ്രദമാണ്. കണ്ണുകളിലെ ചൊറിച്ചിൽ ചെറിയ രീതിയിലുള്ള അണുബാധ എന്നിവ കുറയ്‌ക്കുന്നതിനായി ഇതിന്റെ പൂക്കളെടുത്ത് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്‌ക്കുക. ശേഷം ഈ വെള്ളമെടുത്ത് കണ്ണ് കഴുകുന്നത് ചെറിച്ചിലകറ്റാൻ സഹായിക്കുന്നു. ഇതിനുപുറമെ നന്ത്യാർവട്ടപൂവിന്റെ നീര് പിഴിഞ്ഞെടുത്ത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന് കുളിരേകാനും ചൊറിച്ചിൽ അകറ്റാനും സഹായകരമാണ്. ശരീരത്തിലെ മുറിവുകളും നീരും ശമിപ്പിക്കാൻ നന്ത്യാർവട്ട പൂവിന്റെ നീര് ഉപയോഗിക്കാം. പ്രസവശേഷമുണ്ടാകുന്ന ശരീര വേദനയകറ്റാനും പനി മാറിയതിനു ശേഷമുണ്ടാകുന്ന ശരീര വേദന ശമിപ്പിക്കാനും നന്ത്യാർവട്ടത്തിന്റെ വേരും പൂക്കളുമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം. ഈ സസ്യത്തിന്റെ വേര് ചവക്കുന്നത് പല്ലുവേദനയകറ്റുന്നതിനും ഏറെ സഹായകമാണ്. ഇതിനുപുറമെ നന്ദ്യാർവട്ട പൂക്കൾകൊണ്ട് എണ്ണ കാച്ചി ത്വക്ക് രോഗങ്ങളുളള സ്ഥലങ്ങളിൽ പുരട്ടുന്നതും ഇത്തരം രോഗങ്ങൾ ശമിപ്പിക്കാൻ ഏറെ സഹായകരമാണ്.















