കുറുന്തോട്ടി, മുക്കുറ്റി, തൊട്ടാവാടി തുടങ്ങിയ ഔഷധസസ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനിയാണ് കയ്യോന്നി. ഗ്രാമപ്രദേശങ്ങളിൽ പാടത്തും കുളക്കരയോടും ചേർന്ന് വളരുന്ന കയ്യോന്നി മുടിയുടെ സംരക്ഷത്തിനായിരിക്കും കൂടുതലായും നാം ഉപയോഗിക്കുന്നത്. എന്നാൽ ഈ സസ്യത്തിന് വേറെയുമുണ്ട് ഗുണങ്ങൾ. അറിയാം..

കഞ്ഞുണ്ണി, ഭൃംഗരാജ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരുകളിലറിയപ്പെടുന്ന സസ്യമാണ് കയ്യോന്നി. ഇവയിൽ ധാരാളം ആന്റി-ബാക്ടീരിയൽ ഘടകങ്ങളും ആന്റി-ഓക്‌സിഡന്റൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നീർവീക്കം, മലബന്ധം, ശരീരത്തിലെ മറ്റു വേദനകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. വയറുവേദന അകറ്റാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും കയ്യോന്നി ഇടിച്ചു പിഴിഞ്ഞ് നീര് കുടിക്കുന്നത് നല്ലതാണ്. മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കയ്യോന്നി ഉപയോഗിക്കാറുണ്ടെന്ന് നമുക്കറിയാം. അതുപേലെ പല്ലിനെ സംരക്ഷിക്കാനും മോണയുടെ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നതിൽ ഉത്തമമാണ് കയ്യോന്നി.

മോണവീക്കം കുറയ്‌ക്കുന്നതിനും പല്ലിന്റെ മഞ്ഞക്കറ നീക്കം ചെയ്യുന്നതിനും കയ്യോന്നി കഴിക്കുന്നത് നല്ലതാണ്. കയ്യോന്നി ഉണക്കി പൊടിച്ച് ഇതിന്റെ പൊടി കഴിക്കുന്നത് കഫം, ചുമ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നു. മൈഗ്രേൻ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിനും കയ്യോന്നിയുടെ നീരെടുത്ത് കുടിക്കാം. വാതസംബന്ധമായ രോഗങ്ങൾ കുറയ്‌ക്കുന്നതിനായി ആയുർവേദത്തിൽ ഈ സസ്യത്തിന്റെ വേര് മുതൽ പൂവ് വരെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്.















