മുംബൈ: നവി മുംബൈയിൽ ചിൽഡ്രൻസ് ക്ലബിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾ പറയുന്ന വാക്കുകളാണ് കുട്ടികളെ സ്വാധീനിക്കുന്നതും അതുപോലെ അവരുടെ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗോപിനാഥ് മുതുകാട് പറഞ്ഞു.
നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികളിൽ ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമൂഹത്തിൽ കുട്ടികൾ നേരിടുന്ന മാനസിക, ശാരീരിക, വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും അവയ്ക്ക് പരിഹാരം കണ്ടെത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് നവിമുംബൈയിൽ ചിൽഡ്രൻസ് ക്ലബ് കഴിഞ്ഞ വർഷം ആരംഭിച്ചത്.
അതേസമയം, ഒന്നാം വാർഷികം ആഘോഷിക്കുന്ന ചിൽഡ്രൻസ് ക്ലബ് പ്രവർത്തകർക്ക് ഗോപിനാഥ് മുതുകാടിനെ പോലെയുള്ള ഒരാളുടെ സാന്നിധ്യം പ്രചോദനമാണ്. ഭാവിയിൽ ഇനിയും ഒരുപാട് നല്ല പ്രവൃത്തികൾ ചെയ്യാനുള്ള ഊർജ്ജമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ലഭിച്ചതെന്നും ചിൽഡ്രൻസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.