ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നാം. കാപ്പിയേക്കാളേറെ പ്രിയം ചായയാണ്. ലഘു ഭക്ഷണവും ഇതിനൊപ്പം കഴിക്കുന്നവരാണ് മിക്കവരും. വിശപ്പ് ശമിക്കുന്നതിനൊപ്പം തന്നെ ആരോഗ്യവും ചായയും ലഘുഭക്ഷണവും നൽകുന്നു. ചായ പ്രേമികൾ നിരവധിയാണെങ്കിലും ഇതിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവയെ കുറിച്ച് പലർക്കും ധാരണയില്ലെന്നതാണ് വസ്തുത. ഇനി ഇക്കാര്യങ്ങൾ അറിഞ്ഞ് ചായ നുണയാം…
മഞ്ഞൾ
ചായയിൽ മഞ്ഞൾ ചേർക്കുന്നതും മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണ്. ദഹനക്കേട്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ചായയിൽ ടാനിൻ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വഴിയാണ് ഉദരപ്രശ്നങ്ങൾ ഉണ്ടാക്കുക.
ഇരുമ്പ് അടങ്ങിയ ഭക്ഷണം
ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന ടാന്നിൻ, ഓക്സലേറ്റ് എന്നിവ ചായയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചായയ്ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ, സെറീയൽസ് ഇവ ചൂടു ചായയ്ക്കൊപ്പം ഒഴിവാക്കണം.
നട്സ്
പോഷഗുണങ്ങളുടെ കലവറയാണ് നട്സ് എങ്കിലും ചായയ്ക്കൊപ്പം അരുത്. നട്സിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചായയ്ക്കൊപ്പം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കടലമാവ്
കടലമാവ് ചേർത്ത ലഘുഭക്ഷണങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നവരാണ് പലരും. രക്തത്തിലെ പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിൽ വിലങ്ങുതടിയാണ് കടലമാവ്. ചായയ്ക്കൊപ്പം കഴിക്കുന്നത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകുന്നു.