പ്രഭാത ഭക്ഷണം ശരീരത്തിനല്ല, തലച്ചോറിനുള്ളതാണ്. ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും നിലനിർത്തുന്നതിന് പ്രഭാത ഭക്ഷണം അനിവാര്യമാണ്. പെട്ടെന്ന് ദഹിച്ച് ഊർജ്ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് രാവിലെ കഴിക്കേണ്ടത്.
എന്നാൽ ശരീരത്തിന് ഇരട്ടി ഊർജ്ജവും ഉന്മേഷവും നൽകുന്ന ആഹാരങ്ങളും രാവിലെ ശീലമാക്കുന്നത് ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്നു. രാവിലെ എന്ന് മാത്രമല്ല, ഒരു ദിവസം മുഴുവനായും ആരോഗ്യത്തോട് കൂടിയിരിക്കാൻ ഇത്തരം ആഹാരം സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പോഷക പവർഹൗസുകളാണ് ഇവ. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്വസ്വലമാകാനും സഹായിക്കുന്ന ചില ആഹാരങ്ങൾ ഇതാ…
1) നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളമോ അല്ലെങ്കിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഉന്മേഷവും ഊർജ്ജവും നൽകാൻ നാരങ്ങാ വെള്ളത്തിന് കഴിയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും നാരങ്ങാ വെള്ളം സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
2) ഏത്തപ്പഴം
ദഹന പ്രശ്നങ്ങൾ ഉള്ളവർ ഏത്തപ്പഴം കഴിച്ച് ദിവസം ആരംഭിക്കുന്നത് ഏറെ നല്ലതാണ്. ദഹനം, വയർ വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നവർ രാവിലെ ഏത്തപ്പഴം കഴിക്കാൻ ശ്രമിക്കുക. അനിയന്ത്രിത കോശ വളർച്ചയെ തടഞ്ഞ് പ്രതിരോധശേഷി കൂട്ടാനും കോശ വളർച്ചയെ ഉത്തേജിപ്പിക്കാനും വാഴപ്പഴത്തിന് കഴിയുന്നു. ഇതിലെ സോഡിയം ലെവൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
3) തണ്ണിമത്തൻ
വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയുടെ കലവറയാണ് തണ്ണിമത്തൻ. പതിവായി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുന്നതിനും പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങളെ നിയന്ത്രക്കാൻ സഹായിക്കുമെമന്ന് പഠനങ്ങൾ പറയുന്നു. തണ്ണിമത്തനിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ നമ്മുടെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
4) ചിയ വിത്ത്
ദിവസവും രണ്ട് സ്പൂൺ ചിയ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ കഴിക്കുന്നത് വഴി ആ ദിവസത്തെ മുഴുവൻ ഊർജ്ജം പ്രദാനം ചെയ്യുന്നു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ശീലമാക്കുന്നത് നല്ലതാണ്. ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു.
5) പപ്പായ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വഴി ദഹനം മെച്ചപ്പെടുത്താനും മലബന്ധമകറ്റാനും സഹായിക്കുന്നു. നാരുകൾ ധാരാളമുള്ള പപ്പായ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പപ്പായ ശീലമാക്കുക.
6) ഈന്തപ്പഴം
കാലത്തെ കുതിർത്ത ഈന്തപ്പഴം കഴിച്ച് ദിവസം ആരംഭിച്ചാൽ ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും കുതിർത്ത ഈന്തപ്പഴം ശീലിക്കുക. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ ബി6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ചുളിവുകൾ വീഴാതെ കാക്കാനും ഇതിന് സാധിക്കും. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ആവശ്യമാണ്.
7) കുതിർത്ത നട്സ്
രാവിലെ വെറും വയറ്റിൽ നട്സ് കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കുന്നു. ഫൈബറും ആന്റി ഓക്സിഡന്റുകളും കുതിർത്ത നട്സിൽ അടങ്ങിയിരിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബദാം കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാൽനട്ട് കുതിർത്ത് കഴിക്കുക.