എറണാകുളം: കൊച്ചിയിലെ സ്പാ സെന്ററുകളിൽ നടത്തിയ റെയ്ഡിൽ സ്പാ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. കടവന്തറയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
കൊച്ചിയിലെ സ്പാ സെന്ററുകളിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ 79-ഓളം സ്പാ സെന്ററുകളിൽ റെയ്ഡ് നടത്തിയത്. ജീവനക്കാർക്കായി പ്രത്യേകം നൽകിയ ഷെൽഫുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കൊച്ചിയിൽ പ്രവർത്തിക്കുന്ന പല സ്പാ സെന്ററുകളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും വരും ദിവസങ്ങളിലും റെയ്ഡുകൾ നടത്തുമെന്നും പോലീസ് അറിയിച്ചു.