ആരോഗ്യമുള്ള ജീവിതത്തിന് കൃത്യമായ ഭക്ഷണ ശൈലി ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഫാസ്റ്റ്ഫുഡുകൾക്ക് പുറകെ പായുന്ന ഒരു തലമുറയെയാണ് നമുക്ക് കാണാനാവുന്നത്. ഇത് നമ്മളെ പെട്ടെന്ന് തന്നെ രോഗികളാക്കാം. പഴമക്കാർ പിന്തുടർന്ന് വന്നിരുന്ന ആഹാര രീതികളും ഭക്ഷങ്ങളെയും കൂടുതൽ ആശ്രയിക്കുന്നത് ജീവിത ശൈലി രോഗങ്ങളെ ഒരുപരധിവരെ നിയന്ത്രിക്കാം. ഇതിന് നിരവധി ഉദാഹരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതിലൊന്നിനെ പരിചയപ്പെടാം.
മുളപ്പിച്ച മുതിര കഴിക്കുന്നത്
മുളപ്പിച്ച മുതിര കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. പോളിഫിനോളുകൾ, ഫ്ളാവനോയിഡുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റുകൾ, തുടങ്ങിയ പോഷക ഘടകങ്ങളാൽ സമൃദ്ധമാണ് മുതിര. ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നതിനായി മുളപ്പിച്ച മുതിര കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മുളപ്പിച്ച മുതിര കഴിക്കുന്നത് നല്ലതാണെന്ന് വിദ്ഗ്ധർ പറയുന്നു.
ശരീരത്തെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും മുളപ്പിച്ച മുതിര നല്ലൊരു പ്രതിവിധിയാണ്. മൂത്രനാളത്തിലെ പഴുപ്പ്, വൃക്കയിലെ കല്ല്, ശ്വാസനാളത്തിലെ നീർക്കെട്ട് എന്നീ പ്രശ്നങ്ങൾ തടയുന്നതിനായി മുളപ്പിച്ച മുതിര കഴിക്കുന്നത് ഗുണം ചെയ്യും. വാതസംബന്ധമായ രോഗങ്ങൾ തടയുന്നതിനും വിരശല്യം ഒഴിവാക്കുന്നതിനും മുളപ്പിച്ച മുതിര കഴിക്കുന്നത് ശീലമാക്കാം. പല സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ് ആർത്തവ സമയങ്ങളിലെ വയറുവേദന. ഈ സമയങ്ങളിൽ മുളപ്പിച്ച മുതിര കഴിക്കുന്നത് വേദന കുറയ്ക്കാൽ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.















