ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപ് ഫാൻസ് കുതിച്ചുയരുന്നു. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി അറിയിച്ചു. അതേസമയം, ഗൂഗിളിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് തിരയുന്നത്.
ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
തിളങ്ങുന്ന മണൽ തരികളുടെയും നീലാകാശത്തിന്റെയും സമുദ്രത്തിന്റെയും ചിത്രങ്ങൾ വലിയ തോതിൽ സമൂഹമാദ്ധ്യമ ലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു.