ഇടുക്കി: ഗവർണർക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി തൊടുപുഴയിൽ സിപിഎം പ്രകടനം. തെമ്മാടി, താന്തോന്നി എന്ന് തുടങ്ങിയ അസഭ്യ വാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തുമ്പോൾ ശക്തമായി പ്രതിഷേധിക്കുമെന്നും വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതിഷേധച്ചൂട് ഗവർണർ അറിയുമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഭീഷണി മുഴക്കി.
ഭീഷണിയിലൊന്നും കീഴ്പെടില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 72 വയസായെന്നും തനിക്ക് ഒരു ഭീഷണിയില്ലെന്നും ഗവർണർ വ്യക്തമാക്കി. പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്നും മാദ്ധ്യമങ്ങളാണ് വാർത്തകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് തെരുവിലിറങ്ങി നടന്നത് എല്ലാവരും കണ്ടതല്ലേയെന്നും ആവശ്യമെങ്കിൽ കൊച്ചിയിലും നടക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.