ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവരിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഉണക്കമുന്തിരി. കാണാൻ ഉരുണ്ട് കൊഴുത്തിരിക്കുന്ന മുന്തിരിയുടെ ചന്തം ഇവനില്ലെങ്കിലും ഗുണത്തിന്റെ കാര്യങ്ങൾ മുന്തിരിക്ക് സമമോ അല്ലെങ്കിൽ ഇതിനെക്കാൾ ഒരുപടി മുൻപന്തിയിലോ ആണ് ഉണക്കമുന്തിരിയുടെ സ്ഥാനം. ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായിരിക്കുന്ന ഉണക്കമുന്തിരിയിൽ നാരുകൾ, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മഞ്ഞ, കറുപ്പ്, പച്ച എന്നീ നിറങ്ങളിൽ വിപണികളിൽ സുലഭമാണ് ഉണക്കമുന്തിരി.
നാരുകളുടെ അംശം കൂടുതലായതിനാൽ തന്നെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണിത്. കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണുകൾക്ക് കുളിർമയേകുന്നതിനും അത്യുത്തമമാണ് ഉണക്കമുന്തിരി. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് എല്ലുകളും പല്ലുകളും ബലപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതിനും സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇങ്ങയൊക്കെയാണെങ്കിലും പലർക്കും ഉണക്കമുന്തിരി വെറുതെ കഴിച്ചും കുതിർത്ത് കഴിച്ചും മടുത്തിരിക്കും. അങ്ങനെയുള്ളവർക്ക് ഉണക്കമുന്തിരി ചട്നി ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കാം..
ഉണക്കമുന്തിരി ചട്നി
ചേരുവകൾ
ഉണക്കമുന്തിരി- 1 കപ്പ്
നാരങ്ങാ നീര്- 1 ടീ സ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി അരച്ചത്- 1/2 ടീസ്പൂൺ
ഉപ്പ്- പാകത്തിന്
തയ്യറാക്കുന്ന വിധം
ഉണക്കമുന്തിരി ചെറു ചൂടുവെള്ളത്തിൽ 1 മണിക്കൂർ കുതിർത്തി വച്ചതിനു ശേഷം മറ്റു ചേരുവകൾക്കൊപ്പം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഇത് റഫ്രിജറേറ്ററിൽ വച്ച് ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാം.
കാരറ്റ്, ഉണക്കമുന്തിരി സലാഡ്
ചേരുവകൾ
കുതിർത്ത ഉണക്കമുന്തിരി- 3 ടീസ്പൂൺ
കാരറ്റ് ചെറുതായി സ്ലൈസ് ചെയ്തത്- 1 കപ്പ്
വാൽനട്ട്- 3 എണ്ണം
പുതിനയില അരിഞ്ഞത് -1 ടീസ്പൂൺ
നാരങ്ങാ നീര്- 1 ടീസ്പൂൺ
ഒലിവ് ഓയിൽ- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി ഉണക്ക് മുന്തിരിക്കൊപ്പം ചേർത്തിളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഇത് ചപ്പാത്തിക്കൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.















