കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിടെ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയിലെ യുവതലമുറയും മുതിർന്ന നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലേക്ക് ഉൾപ്പെടെ വലിച്ചിഴക്കുകയും നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തിയതിനും പിന്നാലെയാണ് നീക്കം.
ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്നാണ് സംഘടനാ യോഗത്തിൽ പാർട്ടി അംഗങ്ങൾക്ക് മമത നിർദ്ദേശം നൽകിയത്. പാർട്ടി നിർദ്ദേശം മറികടന്ന് ഇനി ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും, പാർട്ടിയുടെ കാര്യങ്ങൾ പൊതുമധ്യത്തിൽ പറയാൻ എല്ലാവരും പാർട്ടി വക്താക്കളല്ലെന്നും മമത പറഞ്ഞു.
പരാതികൾ പരസ്യമാക്കുന്നതിന് പകരം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. പാർട്ടി അംഗങ്ങൾ നടത്തുന്ന പ്രതികരണങ്ങൾ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കരുതെന്നും, ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മമത നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങളില്ലെന്നും, എല്ലാ പ്രശ്‌നങ്ങളും പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് മാത്രമാണ് നിർദ്ദേശം ഉണ്ടായതെന്നും യോഗത്തിന് ശേഷം പാർട്ടി എംഎൽഎ മനസ് രഞ്ജൻ ഭുനിയ പറഞ്ഞു.