ന്യൂഡൽഹി : ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരായ ഷാനവാസ് ആലം, അർഷാദ് വാർസി, മുഹമ്മദ് റിസ്വാൻ അർഷാദ് എന്നിവർ വളരെ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് സൂചന . പ്രത്യേക ഐഡിയും പാസ്‌വേഡും വഴിയാണ് ഇവർ സന്ദേശങ്ങൾ കൈമാറിയിരുന്നത് .
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും കനേഡിയൻ ചാരന്മാരും തങ്ങളുടെ റഷ്യൻ കൂട്ടാളികളിൽ നിന്ന് വിവരങ്ങൾ നേടുന്നതിന് ഉപയോഗിച്ച സാങ്കേതിക വിദ്യകൾ ഈ ഭീകരർ വളരെ സമർത്ഥമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട് . ന്യൂസിലാൻഡ് ആസ്ഥാനമായുള്ള ക്ലൗഡ് സേവനമായ Mega.NJ ആണ് ഈ ISIS പ്രവർത്തകർ ഇതിനായി ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡെസ്‌ക്‌ടോപ്പിലൂടെയും മൊബൈലിലൂടെയും ഇത് ഉപയോഗിക്കാനാകുമായിരുന്നു . മാലദ്വീപിൽ നിന്നുള്ള വനിതാ ഭീകര നേതാവുമായും ബന്ധപ്പെട്ടിരുന്നതായി ഷാനവാസ് ആലം പറഞ്ഞു. ഇതുകൂടാതെ, സിറിയയുടെയും ഇറാഖിന്റെയും അതിർത്തിയിലുള്ള ഐഎസിന്റെ തടങ്കൽ കേന്ദ്രമായ അൽ-ഹൗൾ ക്യാമ്പിലേക്കും സംഭാവനകൾ അയച്ചിരുന്നു.
ഐഎസിന്റെ പൂനെ, ഡൽഹി, അലിഗഡ് മൊഡ്യൂളുമായി ബന്ധമുള്ള ഭീകരൻ ഷാനവാസ് താൻ ഗുജറാത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിരുന്നതായി സമ്മതിച്ചിരുന്നു. അഹമ്മദാബാദിലെ ബൊഹ്‌റ മസ്ജിദ്, ദർഗ, മസാർ, ദർഗ, സബർമതി ആശ്രമം എന്നിവയുടെ ചിത്രങ്ങളും ഷാനവാസ് എടുത്തിരുന്നു. ഇന്ത്യയിൽ നിരവധി സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതികൾ അവസാന ഘട്ടത്തിലെത്തിയിരുന്നു . അതിനിടെയാണ് ഇവർ പിടിയിലാകുന്നത്.