മുംബൈ: അടൽ സേതു കടൽപ്പാലമുൾപ്പെടെ 30,500 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവി മുംബൈയിൽ നടന്ന ചടങ്ങിൽ 27 കിലോമീറ്റർ ദൈർഘ്യമുള്ള ബേലാപൂർ-സീവുഡ്സ്-യുറാൻ സബർബൻ ഇടനാഴിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2,973 കോടി രൂപ ചിലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
സെൻട്രൽ റെയിൽവേയുടെ താനെ-വാഷി ട്രാൻസ്ഹാർബർ ലൈനിൽ ദിഘ ഗാവ് റെയിൽവേ ലൈനും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. 425 കോടി രൂപ ചെലവിൽ നിർമ്മിച്ച ഖാറിനും ഗോരേഗാവിനും ഇടയിലുള്ള ആറ് വരി പാതയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
ഈസ്റ്റേൺ ഫ്രീവേയിലിനും മറൈൻ ഡ്രൈവിനുമിടയിലുള്ള 9.2 കിലോമീറ്റർ നീളമുള്ള തുരങ്ക നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിട്ടു. 1,975 കോടി രൂപ ചിലവിൽ നിർമ്മിച്ച സൂര്യ റീജിയണൽ ബൾക്ക് കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.