എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. വിഷമങ്ങളോ ബുദ്ധിമുട്ടുകളോ അനുവഭിക്കരുതേ എന്നു പ്രാർത്ഥിച്ചായിരിക്കും നമ്മിൽ പലരും ഒരു ദിവസം തുടങ്ങുന്നത്. ഇതിന് നമ്മെ ഏറെ സഹായിക്കുന്ന ഹോർമോണാണ് ഡൊപ്പമൈൻ. ഹാപ്പി ഹോർമോൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓർമ്മ ശക്തി, ശരീരത്തിന്റെ പ്രവർത്തനങ്ങൾ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതിൽ ഈ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഡൊപ്പമൈനിന്റെ അളവ് കുറയുമ്പോൾ പാർക്കിൻസൺ രോഗത്തിനും ക്ഷീണത്തിനും തളർച്ചയ്‌ക്കും കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇതിനുപുറമെ ഉറക്കകുറവ്, ഉന്മേഷ കുറവ്, ഓർമ്മക്കുറവ് എന്നിവയും ഈ ഹോർമോണിന്റെ കുറവ് മൂലം സംഭവിക്കുന്നു. എന്നാൽ ഡൊപ്പമൈൻ ആവശ്യത്തിലധികം കൂടിയാലും പ്രശ്‌നങ്ങൾ വരുത്തിയേക്കാം.
ഡൊപ്പമൈൻ ഹോർമോണുകളുടെ അളവ് കൂടുമ്പോൾ ഹൈപ്പർ ആക്ടിവിറ്റി രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പെട്ടന്ന് ദേഷ്യം വരിക, ഉറക്കകുറവ്, ലൈംഗികാസക്തി കൂടുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ധാന്യങ്ങളടങ്ങിയ ഭക്ഷണങ്ങൾ, ഡാർക്ക് ചോക്ലേറ്റുകൾ, വാഴപ്പഴം, മത്സ്യം, മാംസം, മുട്ട തുടങ്ങിയവ കഴിക്കുന്നത് ഡൊപ്പമൈന്റെ അളവ് നിയന്ത്രിച്ച് നിർത്താനും ഈ ഹോർമോൺ കുറവുള്ളവരിൽ ഡൊപ്പമൈൻ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.















