കോട്ടയം: പാലായിൽ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം. പാലാ-തൊടുപുഴ റോഡിൽ പയപ്പാറിന് സമീപമായിരുന്നു സംഭവം.
ലോഡുമായി എത്തിയ ലോറിയുടെ നിയന്ത്രണം വിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. വാഹനം മരത്തിൽ ഇടിച്ച ശേഷം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിങ്ങവനത്തെ എഫ്സിഐ ഗോഡൗണിൽ നിന്നും മൂലമറ്റം അറക്കുളത്തെ ഗോഡൗണിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മത്തക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. അരിച്ചാക്കുകൾ ലോറിയിൽ നിന്നും റോഡിലേക്ക് ചിതറി വീണ നിലയിലായിരുന്നു. ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.