സുരേഷ് ഗോപി കാരണം ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ മുടങ്ങുമെന്ന പ്രചരണങ്ങൾ നടത്തിയവർക്ക് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഗുരുവായൂരപ്പനെ സാക്ഷിയാക്കി വിവാഹിതരായ ദമ്പതികൾക്ക് പ്രധാനമന്ത്രി അക്ഷതം നൽകിയാണ് ആശീർവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആരുടെയും വിവാഹം മുടങ്ങിയുമില്ല, ആർക്കും ദർശനവും മുടങ്ങിയില്ല. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെയും വരൻ ശ്രേയസിനെയും ആശീർവദിക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരുടെ വിവാഹത്തിലും പ്രധാനമന്ത്രിയുടെ മഹനീയ സാന്നിധ്യം ഉണ്ടാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ വീഡിയോ പങ്കുവച്ചാണ് സന്ദീപ് വചസ്പതി ഇക്കാര്യം പറഞ്ഞത്.
ഓറഞ്ച് സാരിയുടുത്ത് അതീവ സുന്ദരിയായാണ് ഭാഗ്യ കല്യാണ മണ്ഡപത്തിലേക്ക് എത്തിയത്. അച്ഛൻ കൈ പിടിച്ച് മകളെ വേദിയിലക്ക് എത്തിച്ചു. ഭഗവാന്റെ സന്നിധിയിൽ ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ മിന്നുചാർത്തി. തുടർന്ന് പ്രധാനമന്ത്രി വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകി.