ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ ആണ്ടാൾ എന്ന ഗജവീരനിൽ നിന്നും അദ്ദേഹം അനുഗ്രഹം തേടി. പ്രധാനമന്ത്രിയെ കാത്ത് ക്ഷേത്ര പരിസരത്ത് രാവിലെ മുതൽ വൻ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേക സംസ്കൃത ശ്ലോകങ്ങളുടെ പാരായണവും ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വളരെ അധികം സന്തോഷമുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സുന്ദർ ഭട്ടർ പറഞ്ഞു. അദ്ദേഹത്തിന്റ സന്ദർശനത്തിൽ ഭഗവാൻ രംഗനാഥനും സന്തുഷ്ടനാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ്. ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രീരംഗത്ത് എത്തിയിട്ടില്ല, ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുന്നത്. അദ്ദേഹം ശ്രീരംഗത്തെത്തിയതിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്.
ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി രാമേശ്വരത്തെത്തും. അവിടെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. ശേഷം രാമേശ്വരത്ത് നടക്കുന്ന ഒരു പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.