തൃശൂർ: തലവേദനയ്‌ക്ക് കുത്തിവെപ്പെടുത്തതിന് പിന്നാലെ എഴുവയസുകാരന്റെ കാല് തളർന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായാണ് കുടുംബം പറയുന്നത്. കുറ്റം ചെയ്തവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
കുട്ടിക്ക് ചികിത്സ നൽകാൻ പോലും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചെങ്കിലും ഇതുവരെയും അത് ലഭ്യമായില്ല. കുട്ടിയെ ചികിത്സിച്ച ഡോക്ടർ ഹൃദ്യ അശോക് കുമാർ മെയിൽ നേഴ്സ് പ്രജീഷ് കെ പി എന്നിവർക്കെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. നടപടിയുടെ ഭാഗമായി കുത്തിവയ്പ്പെടുത്ത നേഴ്സിനെ സ്ഥലം മാറ്റിയത് വീടിനടുത്തുള്ള ആശുപത്രിയിലേക്കാണെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.
ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലിയെയാണ് തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തലവേദനയ്‌ക്കുള്ള കുത്തിവെപ്പടുത്തു. ഇതിന് പിന്നാലെ കുട്ടിയുടെ ഇടത് കാലിന്റെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.















