നടിയും മോഡലും ഇൻഫ്ലുവൻസറുമായ പൂനം പാണ്ഡെയുടെ ആകസ്മിക വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അസുഖത്തിന്റെയോ മറ്റു അവശതകളുടെയോ ഒരു വിവരങ്ങളും ഇതുവരെയും പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ സെർവിക്കൽ കാൻസറിനെ തുടർന്ന് നടി മരിച്ചെന്ന വാർത്ത പുറത്തുവന്നത്. 32-ാം വയസിലായിരുന്നു ആ വിയോഗം. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനായാണ് പൂനം. ഒരു വിവാദത്തിലൂടെയാണ് സോഷ്യൽ മീഡിയയിൽ താരം ശ്രദ്ധയാകർഷിക്കുന്നത്. കരിയറിലുടനീളം വിവാദങ്ങൾ പൂനം പാണ്ഡയെ വിട്ടൊഴിഞ്ഞിട്ടില്ല. നഷ എന്ന ചിത്രത്തിലൂടെ 2013ലാണ് പൂനം പാണ്ഡ ബോളിവുഡിൽ അരങ്ങേറിയത്. കരിയറിലെ വിവാദങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
2011 ക്രിക്കറ്റ് ലോകകപ്പിലെ പ്രൊമിസ്
2011 ലെ ക്രിക്കറ്റ് ലോകകപ്പിലെ ചില വിവാദ പ്രസ്താവനകളിലൂടെയാണ് ഇവർ വാർത്തകളിൽ നിറയുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞാണ് ഇവർ തലക്കെട്ടുകൾ സൃഷ്ടിക്കുന്നത്. പിന്നാലെ ബിസിസിഐയുടെ എതിർപ്പും വിമർശനും വന്നതോടെ ഇവർ ഇത് വേണ്ടെന്ന് വച്ചു.
ആപ്പിന്റെ വിലക്കും അശ്ലീല വീഡിയോയും
2014ൽ ഓഫിഷ്യൽ വെബ് സൈറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന് താരത്തിനെതിരെ കുറ്റം ചുമത്തി. ദി ബാത്ത്റൂം സീക്രട്ട് എന്ന പേരിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് നിയമ നടപടികളിലേക്ക് കടന്നു.
2019ൽ പൂനം പാണ്ഡെയുടെ മൊബൈൽ ആപ്പ് ബാൻ ചെയ്തു. ഗൂഗിൾ പ്ലേസ്റ്റോറിന്റെ പോളിസികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഇതിൽ താരം ഉൾപ്പെടുത്തിയിരിക്കുന്ന അഡൽറ്റ് കണ്ടന്റുകൾ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
സോഷ്യൽ മീഡിയയിൽ ബോൾഡ് ചിത്രങ്ങളും സെക്ഷ്വൽ കണ്ടന്റുകളുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തും താരം കൂടുതൽ ഫോളോവേഴ്സിനെ നേടി. ഇത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചു.
ഭർത്താവിനൊപ്പം അറസ്റ്റിൽ
കൊവിഡ് കാലത്തെ ലോക്ക്ഡൗണിൽ ഭർത്താവായിരുന്ന സാം ബോംബെയ്ക്കൊപ്പം നടക്കാനിറങ്ങിയ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് മുംബൈ പോലീസാണ് ഇവരെ പിടികൂടിയത്.
വിവാഹമോചനവും പീഡന ആരോപണവും
2020 ൽ പൂനം, സാം ബോംബെ എന്ന ഒരു വ്യവസായിയെ വിവാഹം ചെയ്തു.പിന്നീട് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൂനം മുംബൈ പോലീസിൽ പരാതി നൽകി. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വെറുതെ വിടുകയും ചെയ്തു. തുടർന്ന് 2021 ൽ ഇവർ ഔദ്യോഗികമായി വിവാഹമോചിതരായി.കങ്കണ റണൗട്ട് അവതാരകയായ ഷോയിൽ താൻ ഭർത്താവിൽ നിന്ന് വലിയ പീഡനങ്ങൾ നേരിട്ടെന്ന് തുറന്നു പറഞ്ഞു.