തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ മോദിയുടെ ഗ്യാരന്റിയിൽ വിശ്വസിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയോടുള്ള വിശ്വാസ്യത എല്ലാവരും മനസിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ വലിയൊരു ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ പത്ത് വർഷം കേരളത്തിന് വേണ്ടി നടപ്പിലാക്കിയ നിരവധി വികസനങ്ങളും, ജനങ്ങളുടെ താത്പര്യം മുൻനിർത്തി നടപ്പിലാക്കിയ സാമൂഹ്യ ക്ഷേമപദ്ധതികളും കേരളത്തിൽ വലിയ ചർച്ചാ വിഷയമായി മാറുകയാണ്.
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി നടത്തുന്ന കേരള പദയാത്രയ്ക്ക് ജനങ്ങളുടെയിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസിനുമെതിരായുള്ള ജനങ്ങളുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരുമുന്നണികളും നടത്തുന്ന ഭീമമായ അഴിമതി അവസാനിപ്പിക്കാൻ മോദി സർക്കാരിന് മാത്രമേ സാധിക്കുകയെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു.