പത്തനംതിട്ട: കൂരമ്പാലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കാർ യാത്രികനായ പട്ടം സ്വദേശി ജോസഫ് ഈപ്പനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രികർക്ക് ഗുരുതര പരിക്കേറ്റു. അഗ്നിശമന സേന സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.
ഇന്ന് രാവിലെ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോസ്ഫ് തത്ക്ഷണം മരിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.