തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബരത്തെയും ധൂർത്തിനെയും യോഗത്തിൽ നിശിതമായി വിമർശിച്ചു. വിദേശ സർവകലാശാല വിഷയത്തിൽ എടുത്ത തീരുമാനം ഇടതുപക്ഷ ആശയങ്ങളുടെ വ്യത്യാനമാണെന്നും മുന്നണി യോഗത്തിൽ ഇത് ശക്തമായി ഉന്നയിക്കണമെന്നും എം.എൻ. സ്മാരകത്തിൽ ചേർന്ന യോഗത്തിൽ ആവശ്യമുയർന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് പണിയുന്നതിലും വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യയും മുതിർന്ന നേതാവുമായ ശ്യാമളാദോവി യോഗത്തിൽ പരിഹസിച്ചു. ഭക്ഷ്യവകുപ്പിന് സർക്കാർ പണം അനുവദിക്കാത്തതും യോഗത്തിൽ പരക്കെ വിമർശനത്തിന് വഴിയൊരുക്കി.
കൂടിയാലോചനകൾ ഇല്ലാതെ തയ്യാറാക്കിയ ബജറ്റാണിതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മൃഗസംരക്ഷണ വകുപ്പും വിവേചനം നേരിട്ടതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാർട്ടിയുടെ എതിർപ്പ് പുറത്തുപോകരുതെന്നും അറിയിക്കേണ്ട വേദിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് യോഗത്തിൽ സംസ്ഥാന സെക്രട്ടരി ബിനോയ് വിശ്വം സ്വീകരിച്ച നിലപാട്.















