തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കാര്യാലയം കെ ജി മാരാർ ഭവന്റെ പാലുകാച്ചൽ ചടങ്ങ് പൂർത്തിയായി. 12 മണിയോടെയാണ് ചടങ്ങുകൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ പഴയ സംസ്ഥാന കാര്യാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമ്മിച്ചത്.
തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാര്‍ജി ഭവന്‍ നിർമ്മിച്ചിരിക്കുന്നത്. സി.കെ. പത്മനാഭന്‍ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. ഇന്ന് പാലുകാച്ചൽ ചടങ്ങ് നടന്ന കാര്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റൊരുദിവസം നടക്കും.
പൂർണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിലാണ് സംസ്ഥാന കാര്യാലയം നിർമ്മിച്ചിരിക്കുന്നത്. 7 നിലകളായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും സെൻട്രൽ എസി സംവിധാനവും 300 ലധികം ആളുകൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിംഗ് സെന്ററും മീഡിയ റൂമുകളും ഡിജിറ്റൽ ലൈബ്രറികളും സജ്ജമായിട്ടുണ്ട്.















