മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുതിർന്ന നടൻ നിതീഷ് ഭരദ്വാജ്. ഭോപ്പാലിലെ സിറ്റി പോലീസ് കമ്മീഷണർക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഭാര്യക്കെതിരെ നടൻ പരാതി നൽകിയത്. ഇരട്ടകളായ ദേവയാനിയെയും ശിവരഞ്ജിനിയെയും കാണാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. മദ്ധ്യപ്രദേശിലെ മനുഷ്യാവകാശ കമ്മിഷന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സ്മിത.
കുട്ടികളെ താൻ കാണാതിരിക്കാൻ അവർ പതിവായി അവരുടെ സ്കൂളുകൾ മാറ്റുകയാണെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും നിതീഷ് പരാതിയിൽ ഉന്നയിച്ചു. തനിക്ക് കുട്ടികളെ കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നും പരാതിയിൽ ആവശ്യമുണ്ട്. ഫൽഗുനി ദീക്ഷിത് എന്ന ഉദ്യോഗസ്ഥാനായിരിക്കും ഈ കേസ് അന്വേഷിക്കുക.
12 വർഷം നീണ്ട വിവാഹ ജീവിതത്തിന് ശേഷം 2019ലാണ് ഇവർ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞാൻ ഗന്ധർവ്വൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് നിതീഷ് മലയാളികൾക്ക് സുപരിചതനാകുന്നത്.