ന്യൂഡൽഹി: ചരക്ക് ട്രെയിൻ പാളം തെറ്റി അപകടം. വടക്കൻ ഡൽഹിയിലെ പട്ടേൽ നഗർ-ദയാബസ്തി സെക്ഷനിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ട്രെയിനിന്റെ 10-ഓളം ബോഗികൾ പാളം തെറ്റിയതായി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
മുംബൈയിൽ നിന്നും ചണ്ഡിഗഡിലേക്ക് ഇരുമ്പ് ഷീറ്റ് റോളുകളുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിനിലെ ലോക്കോ പൈലറ്റ് അടക്കമുള്ളവരെ പുറത്തെത്തിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസും അഗ്നിസുരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണ്. അപകടത്തിൽപ്പെട്ട ബോഗികൾ പാളത്തിൽ നിന്നും നീക്കം ചെയ്തു വരികയാണെന്നും അധികൃതർ അറിയിച്ചു.