കോഴിക്കോട്: ആറാം ക്ലാസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ആണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് 12 വയസുകാരി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇതോടെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 6-ാം ക്ലാസുകാരി സ്കൂളിലേക്ക് പോവുന്ന വഴിയിൽ നിന്ന് ഇയാൾ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ കഴിഞ്ഞ മാസമാണ് കൗൺസിലിംഗിനിടെ അദ്ധ്യാപികയോട് പെൺകുട്ടി ദുരനുഭവങ്ങൾ പറഞ്ഞത്. ഇതോടെ അദ്ധ്യാപിക ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും മജിസ്ട്രേറ്റും കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മുജീബിനെ റിമാൻഡ് ചെയ്തു.















