ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സഹായിയും ഭീകരനുമായ സിമ്രൻജീത് സിംഗിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വിദേശ ശക്തികളൊന്നുമില്ലെന്ന് കനേഡിയൻ അന്വേഷണ ഏജൻസി. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിസുള്ള ഇയാളുടെ വസതിക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിഷയത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവർക്ക് വിദേശബന്ധമില്ലെന്നായിരുന്നു കാനഡ പറഞ്ഞത്.
ഫെബ്രുവരി ഒന്നിന് നടന്ന വെടിവയ്പ്പിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് ഖലിസ്ഥാൻ സംഘടനകൾ ആരോപിച്ചിരുന്നു. ജനുവരി 26ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ചത് സിമ്രൻജീത് സിംഗാണെനും ഇതിനെ തുടർന്നാണ് വെടിവയ്പ്പ് നടന്നതെന്നുമായിരുന്നു ഭീകരസംഘടനയുടെ ആരോപണം. എന്നാൽ ഈ വാദത്തെ കനേഡിയൻ പോലീസ് പൂർണ്ണമായി തള്ളി. സംഭവത്തിൽ വിദേശ ഇടപെടലുണ്ടെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരമൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ സെപ്തംബർ 18ന് ഇന്ത്യൻ ഏജൻ്റുമാരും നിജ്ജാറിന്റെ കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്നുള്ളതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി പ്രസ്താവിച്ചിരുന്നു. എന്നാൽ കാനഡ ഇതുവരെ തെളിവുകൾ നൽകിയിട്ടില്ല. ഇതോടെ ഇന്ത്യ- കാനഡ ബന്ധത്തിന് ക്ഷതം സംഭവിച്ചിരുന്നു. ഖലിസ്ഥാന ഭീകരരുടെ സങ്കേതമായി കാനഡ മാറുകയാണെന്നും ഇന്ത്യ അന്വേഷിക്കുന്ന ഭീകരർക്ക് കാനഡ അഭയവും സഹായവും നൽകുന്നുവെന്നും ഇന്ത്യ മറുപടിയായി പറഞ്ഞിരുന്നു. ഖലിസ്ഥാൻ റഫറണ്ടത്തിന്റെ ഭാഗമായി കാനഡ, ബ്രിട്ടീഷ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.