തിരക്കേറിയ ജീവിതത്തിൽ സുഖമായി ഉറങ്ങുക എന്നത് നമ്മുക്ക് ഏറ്റവും അത്യന്താപേഷിതമായി വേണ്ട ഒന്നാണ്. പല കാരണങ്ങളാൽ സുഖമായി ഉറങ്ങാൻ സാധിക്കാത്തവരും നമ്മുക്ക് ചുറ്റിനുമുണ്ട്. രാത്രി കാലങ്ങളിൽ കഴിക്കുന്ന ആഹാരവുമായി ഉറക്കത്തിന് അടുത്ത ബന്ധമുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്ന ആഹാരങ്ങൾ ഉറക്കത്തെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുക മാത്രമല്ല, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
എരിവുള്ള ഭക്ഷണങ്ങൾ
സുഖമായി ഉറങ്ങുന്നതിന് പ്രധാനമായും നാം മാറ്റി നിർത്തേണ്ടതാണ് എരിവുള്ള ഭക്ഷണങ്ങൾ. രാത്രി ഉറങ്ങുന്നതിന് മുമ്പ് എരിവുള്ള ആഹാരങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ കഴിച്ചാലും തൈരോ പാലോ കൂടി കഴിച്ചതിന് ശേഷം ഉറങ്ങാൻ ശ്രിദ്ധിക്കുക.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് രാത്രിയിൽ അസ്വസ്ഥതയോ ദഹനക്കേടുകളോ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതായിരിക്കും അത്യുത്തമം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
ഉറങ്ങുന്നതിന് മുമ്പ് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ ഉറങ്ങുന്നതിന് മാത്രമല്ല, ആരോഗ്യത്തിനും ദോഷകകരമായി ബാധിക്കുന്നു.
അമിത ഭക്ഷണം
ഉറങ്ങുന്നതിന് മുമ്പ് കുറച്ച് ആഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. അമിതമായി ആഹാരം കഴിച്ചാൽ ഇത് ശരീരത്തിന് അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ കഴിവതും രാത്രിയിൽ ലഘുഭഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
ഡാർക്ക് ചോക്ലേറ്റ്
രാത്രിയിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ഉറക്കത്തെ തടസപ്പെടുത്തുന്നു.