ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. എംഎസ്എം കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. രാവിലെ 9.30-നാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസിലെ മുഴുവൻ യാത്രക്കാരും രക്ഷപ്പെട്ടു.
കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിക്ക് പോയ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. പുകയുടെ ദുർഗന്ധം വന്നതോടെ അപകടം മനസിലായ ഡ്രൈവർ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തീ പടരുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളു എന്നും അധികൃതർ അറിയിച്ചു.