ഭോപ്പാൽ : മധ്യപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് .സംസ്ഥാനത്തെ നിക്ഷേപം ഇരട്ടിയാക്കാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് ഉജ്ജയിനിൽ നടന്ന റീജിയണൽ ഇൻഡസ്ട്രി കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രണവ് അദാനി പറഞ്ഞു. ഈ നിക്ഷേപത്തിന്റെ ഗണ്യമായ ഒരു ഭാഗം, ഏകദേശം 5,000 കോടി രൂപ മഹാകാൽ എക്സ്പ്രസ് വേയുടെ നിർമ്മാണത്തിനായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ വൈവിധ്യമാർന്ന മേഖലകളിൽ അദാനി ഗ്രൂപ്പ് നിക്ഷേപം തുടരുമെന്ന് മാത്രമല്ല, മധ്യപ്രദേശിലെ ഞങ്ങളുടെ നിക്ഷേപം ഇരട്ടിയിലധികം വർധിപ്പിക്കുകയും സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിന് ഞങ്ങളുടേതായ സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മധ്യപ്രദേശിൽ ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപം ഞങ്ങൾ നടത്തും . ഇതിൽ 5,000 കോടി രൂപ ഈ മഹത്തായ നഗരമായ ഉജ്ജയിനിൽ നിന്ന് ഇൻഡോറിലൂടെ ഭോപ്പാലിലേക്ക് മഹാകാൽ എക്സ്പ്രസ് വേ നിർമ്മിക്കാൻ വിനിയോഗിക്കും ‘- അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് രാജ്യത്തിന്റെ ഹൃദയമാണ്, ഭാവി മധ്യപ്രദേശിൻ്റേതാണെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ മഹത്വത്തിന്റെ നെറുകയിൽ എത്തിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്. ഡോ. മോഹൻ യാദവിന്റെ നേതൃത്വത്തിൽ മധ്യപ്രദേശ് ഈ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വ്യക്തമായി കാണാം.
ചോർഗാഡിയിൽ പ്രതിവർഷം 4 ദശലക്ഷം ടൺ ക്ലിങ്കർ യൂണിറ്റും ദേവാസിലും ഭോപ്പാലിലും 8 ദശലക്ഷം ടൺ ശേഷിയുള്ള രണ്ട് സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകളും സ്ഥാപിക്കാൻ ഗ്രൂപ്പ് 5,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“പ്രകൃതിവിഭവ മേഖലയിൽ ഞങ്ങൾ 4,000 കോടി രൂപയും ഭക്ഷ്യ സംസ്കരണം, ലോജിസ്റ്റിക്സ്, അഗ്രി ലോജിസ്റ്റിക്സ്, പ്രതിരോധ ഉൽപ്പാദനം എന്നിവയിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ മറ്റൊരു 600 കോടി രൂപയും നിക്ഷേപിക്കും . സിജിഡി, എൽഎൻജി, ഇവി, ബിഐഒ എന്നിവ ഉൾപ്പെടുന്ന ഇന്ധന വിതരണത്തിൽ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം 2,100 കോടി രൂപ കവിയും “ പ്രണവ് അദാനി പറഞ്ഞു.
സിംഗ്രൗലിയിലെ മഹാൻ എനർജൻ പ്ലാൻ്റിൽ വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ 30,000 കോടി രൂപയോളം നിക്ഷേപിക്കും. 3410 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനായി 28,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.