പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കിടെ ആനയെ ചാട്ടവാർ കൊണ്ട് മർദ്ദിച്ച സംഭവത്തിൽ അധികാരികൾക്ക് പരാതി നൽകി ആനപ്രേമി സംഘം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, വനം-മൃഗ സംരക്ഷണ വകുപ്പ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. പാലക്കാട് ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയിരിക്കുന്നത്.
ജന്തുദ്രോഹ നിയമപ്രകാരം കേസ് അന്വേഷിച്ച് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും നേർച്ച കമ്മിറ്റിക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ കമ്മിറ്റിക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി, വരും വർഷങ്ങളിൽ നേർച്ച നടത്താൻ അനുമതി നൽകരുതെന്നും ആനപ്രേമി സംഘം ആവശ്യപ്പെട്ടു.
നേർച്ചക്ക് കൊണ്ടുവന്ന മംഗലാംകുന്ന് മുകുന്ദൻ എന്ന ആനയെയാണ് നേർച്ച കമ്മിറ്റിക്കാരിലെ ഒരു വിഭാഗം ആളുകൾ മർദ്ദിച്ചത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന ആനയെ ചാട്ടവാർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്.