മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ് ചതുരം. സ്വാസിക, റോഷൻ മാത്യൂ, അലൻസിയർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. 2022ൽ പുറത്തിറങ്ങിയ സിനിമയിൽ സ്വാസിക അഭിനയിച്ച സെലീന എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. നിരൂപക പ്രശംസ സ്വന്തമാക്കിയ സെലീനയെ അഭ്രപാളിയിലെത്തിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സെലീനയെന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണം, മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങി എല്ലാം തന്നെ മലയാളികൾ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. മറ്റ് സിനിമകളിലും സീരിയലുകളിലും എത്തിയിരുന്നത് പോലെ മേക്കപ്പ് അധികം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു സ്വാസിക അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ സെലീനയെന്ന കഥാപാത്രത്തിന്റെ കവിളുകൾ അസാധാരണമാംവിധം ചുവന്നുതുടുത്തത് എങ്ങനെയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. സ്വാസിക തള്ളിമറിക്കുകയാണെന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെലീനയുടെ മേക്കപ്പ് എപ്രകാരമായിരുന്നു എന്ന് സ്വാസിക വിശദീകരിച്ചത്.
നിറയെ മുഖക്കുരു ഉണ്ടായിരുന്ന സമയമായിരുന്നു അത്. മരുന്ന് ഉപയോഗിച്ചിരുന്നു. മുഖത്ത് മരുന്ന് പുരട്ടുകയും ചെയ്തിരുന്നു. കവിളിലെ ചർമ്മം അടർന്നുപോയിരുന്നതിനാൽ ആകെ ചുവന്നാണ് ഇരുന്നിരുന്നത്. മുഖത്ത് ഫൗണ്ടേഷൻ ഇട്ട് അത് മറയ്ക്കരുതെന്ന് സംവിധായകൻ ആവശ്യപ്പെട്ടു.
അതുകൊണ്ട് വളരെ മിനിമൽ ആയ മേക്കപ്പാണ് ചതുരത്തിൽ ഉപയോഗിച്ചത്. മോയ്സ്ച്ചുറൈസറും സൺസ്ക്രീനും ഇട്ട് കണ്ണെഴുതിയാൽ പിന്നെ അൽപം ലിപ് ബാം അല്ലെങ്കിൽ ലിപ് സ്റ്റിക് മാത്രമേ ഇട്ടിരുന്നുള്ളൂ. സിനിമയിൽ ചില സീനുകളിൽ ഗ്രേഡ് ചെയ്തപ്പോൾ കവിളുകളിലെ ചുവപ്പ് കുറച്ചുകൂടി അധികമായി. അതാണ് സംഭവിച്ചത്. ബ്ലഷ് ഉപയോഗിക്കാതെ ഉണ്ടായിരുന്ന ചുവപ്പായിരുന്നു അതെന്നും സ്വാസിക വ്യക്തമാക്കി.