ബെംഗളൂരു: പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് ലഭിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, 100-ൽ 120- മാർക്ക് ലഭിച്ചാൽ ആരായാലും ഒന്നു ഞെട്ടും. അത്തരത്തിലൊരു സംഭവമാണ് ബെംഗളൂരുവിലെ ഒരു കോളേജിൽ നടന്നത്. 300 -ൽ 310 മാർക്ക് വാങ്ങിയിരിക്കുകയാണ് ചില നഴ്സിംഗ് വിദ്യാർത്ഥികൾ. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RGUHS) -ലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലം വന്നപ്പോൾ 300 -ൽ 310, 315 എന്നിങ്ങനെ മാർക്ക് ലഭിച്ചത്.
ജനുവരിയിൽ നടന്ന ബിഎസ്സി നഴ്സിംഗിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ ചില വിദ്യാർത്ഥികളുടെ പരീക്ഷാഫലമാണ് വിചിത്രമായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യൂണിവേഴ്സിറ്റി അധികൃതർ പരീക്ഷാ ഫലം പിൻവലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലവും പ്രസിദ്ധീകരിച്ചു. അവസാന നിമിഷം ഇന്റേണൽ മാർക്കുകൾ ചേർത്തതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. മാർക്ക് തിരുത്തിയത് വിദ്യാർത്ഥികളെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.