തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന ഷോറൂമിൽ വൻ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീപിടത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ഒരു പുതിയ ബസും രണ്ട് പഴയ വാഹനങ്ങളുമാണ് കത്തിനശിച്ചത്.
കൂടാതെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലെ ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട്, കഴക്കൂട്ടം, ചാക്ക, കല്ലമ്പലം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കുന്നതിനായി എത്തിയിരിക്കുന്നത്.
അപകടത്തിൽ കേടുപാടുകൾ സംഭവിച്ച് റിപ്പയർ ചെയ്യുന്നതിനായി മിനിലോറി എത്തിച്ചിരുന്നു. ഇതിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതിന് പിന്നാലെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന പുതിയ ബസിലേക്കും തീ ആളിപ്പടരുകയായിരുന്നു.