ഗാന്ധിനഗർ : സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായി സ്വന്തം ഭൂമി വിട്ടു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . നാദ ബ്രഹ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മ്യൂസിക്കിന്റെ കെട്ടിടം സ്ഥാപിക്കുന്നതിനായാണ് ഗാന്ധിനഗറിൽ അനുവദിച്ച സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാവന ചെയ്തത് . മോദിയ്ക്കും അന്തരിച്ച മുതിർന്ന ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലിക്കും സർക്കാർ അനുവദിച്ച സ്ഥലമാണിത്. ഗാന്ധിനഗറിലെ സെക്ടർ-1 ലാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
ഇവിടെ നിർമിക്കുന്ന ‘നാദ ബ്രഹ്മ’ കലാകേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിക്കും. 200 പേർക്ക് ഇരിക്കാവുന്ന ഒരു തിയേറ്റർ, രണ്ട് ബ്ലാക്ക് ബോക്സ് തിയേറ്ററുകൾ, സംഗീതവും നൃത്തവും പഠിപ്പിക്കാൻ 12-ലധികം മൾട്ടി പർപ്പസ് ക്ലാസ് റൂമുകൾ, പഠനത്തിനും പരിശീലനത്തിനുമായി അഞ്ച് പെർഫോമിംഗ് സ്റ്റുഡിയോകൾ, ഒരു ഓപ്പൺ തിയേറ്റർ, സെൻസറി ഗാർഡൻ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔട്ട്ഡോർ മ്യൂസിക്കൽ ഗാർഡൻ, ആധുനിക ലൈബ്രറി, സംഗീതത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം എന്നിവയും കേന്ദ്രത്തിലുണ്ടാകും.
മൻമന്ദിർ ഫൗണ്ടേഷനാണ് 16 നിലകളുള്ള നാദ് ബ്രഹ്മ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം നിർമ്മിക്കുക . ഇത് ഇന്ത്യൻ സംഗീത കലാ മേഖലയുടെ പ്രധാന കേന്ദ്രമായി ഗാന്ധിനഗറിനെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.