പാലക്കാട്: പ്രതിയെ ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് എക്സൈസ് ടവറിൽ ലോക്കപ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ഷോജോയെ എക്സൈസ് പിടികൂടിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഷോജോ ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി വ്യക്തമാക്കി. ഇതിന് മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടുള്ള ആളല്ല ഷോജോ എന്ന് ഭാര്യ പറഞ്ഞു. ഭർത്താവ് ആത്മഹത്യ ചെയ്യില്ല. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഒരു രാത്രി കൊണ്ട് ഇത്തരത്തിൽ ആത്മഹത്യ ചെയ്യില്ല. ഉദ്യോഗസ്ഥരുള്ള ഓഫീസിൽ, അവരുടെ നിരീക്ഷണം ഉള്ളപ്പോൾ എങ്ങനെയാണ് ഒരാൾക്ക് ജീവനൊടുക്കാൻ കഴിയുകയെന്നും ഭാര്യ ചോദിച്ചു.