പത്തനംതിട്ട: അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മറ്റി. പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. നാരീശക്തി പുരസ്കാരജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ.എം.എസ്. സുനിലാണ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്. മകളും മരുമകളും സഹോദരിയും ഭാര്യയും അമ്മയും അമ്മൂമ്മയും ഒക്കെയായി ജീവിക്കുമ്പോഴും ഒരു വനിത എപ്പോഴും തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനുംകൂടി സദാ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ഡോക്ടർ സുനിൽ പറഞ്ഞു.
സ്ത്രീ ഒരിക്കലും അബലയല്ല, മറിച്ച് ഏത് പ്രവർത്തിയുടേയും ശക്തിയുടെ ഉറവിടം സ്ത്രീ ആയിരിക്കുമെന്നും അത് കാലം തെളിയിക്കപ്പെട്ട സത്യമാണെന്നും സംസ്ഥാന സമിതിയംഗം അഡ്വ. സന്ധ്യാ ശ്രീകുമാർ പറഞ്ഞു. നമുക്കും നമ്മുടേതായ മാർഗങ്ങൾ സ്വയം കണ്ടുപിടിച്ച് സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ മഹിളാപ്രമുഖ് അഡ്വ.സപ്തതി എംപിയുടെ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി നടന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ലളിതാമണി, ജില്ലാ ജോയിൻ് സെക്രട്ടറി അഡ്വ.നിഷാ രാജേന്ദ്രൻ, DLSA ഡിഫൻസ് കൗൺസൽ അഡ്വ.സീന എസ് നായർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ സീനിയർ വനിതാ അഭിഭാഷകരായ ശ്രീമതി ലതിക.എസ്സിനേയും ശ്രീമതി റേച്ചൽ തോമസ്സിനേയും ജില്ലയിലെ സീനിയർ അഭിഭാഷക ഗുമസ്തരായ ശ്രീമതി പി. ഗീതാഭായിയേയും ശ്രീമതി വി.എം.ലക്ഷ്മിക്കുട്ടിയേയും സമ്മേളനത്തിൽ ആദരിച്ചു.