തിരുവനന്തപുരം: കൊടും വേനലിൽ വലയുന്ന കേരളത്തിലേക്ക് നേരിയ ആശ്വാസമായി വേനൽമഴ എത്തുന്നു. നാളെ മുതൽ കേരളത്തിന് വേനൽമഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നീരിക്ഷണ വകുപ്പ് അറിയിച്ചു.നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴപെയ്യാൻ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ പെയ്തേക്കും.
വേനൽ മഴ നാളെ എത്തുമെങ്കിലും തിരുവനന്തപുരത്തും കൊല്ലത്തും മഴ പെയ്യാനുള്ള സാധ്യത കുറവാണ്. സംസ്ഥാനത്ത് കനത്ത വേനൽ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പ് താപനില ഉയരുന്നതിനാൽ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. താപനില സാധാരണയിലും രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാനാണ് സാധ്യത.
പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ആദ്യത്തെ വേനൽമഴ നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.