തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. 5150 മെഗാവാട്ടിലാണ് വൈദ്യുതി ഉപയോഗം എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ പീക്ക് ടൈം ആവശ്യകത വർദ്ധിച്ചിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. വേനൽ മഴ ലഭിക്കാതെ വരുന്നതും താപനില വർദ്ധിക്കുന്നതുമാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണമായിരിക്കുന്നത്.
ചൂട് അകറ്റുന്നതിനായി എസി ഉപയോഗിക്കുന്ന സാഹചര്യം വർദ്ധിച്ചു വരുന്ന കാഴ്ചയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി സൂചന നൽകിയിരുന്നു. അതേസമയം കെഎസ്ഇബിക്ക് കൊടുത്തു തീർക്കാനുള്ള കുടിശ്ശിക ഇതുവരെയും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഇനിയും നൽകാനുള്ള കുടിശ്ശിക തീർത്തുകിട്ടിയില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.