തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിലെ പ്രതി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇടതുപക്ഷവും കോൺഗ്രസും നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചതിൽ അതിശയിക്കാനില്ലെന്നും ഇതൊക്കെ വെറും നാടകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അവർ നടത്തുന്നത് വെറും നാടകം മാത്രം. രോഷത്തിന്റെ നാടകമാണിത്. രാജ്യത്തെ ജനങ്ങൾക്ക് സത്യമറിയാം. ഇഡി നിരവധി നോട്ടീസ് അയയ്ക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഇഡിയുടെ സമൻസുകളെ വകവെക്കാത്തതിന്റെ ഫലമാണ് ഈ അറസ്റ്റ്”.
എന്തുകൊണ്ടാണ് അദ്ദേഹം ഇഡിയ്ക്ക് മുന്നിൽ ഹാജരാകാതിരുന്നത്. സിപിഎമ്മിനും കോൺഗ്രസിനുമുണ്ടായിരുന്ന അടിത്തറയും ജനപിന്തുണയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.