ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ഡൽഹി നിരത്തുകളിൽ അരവിന്ദ് കെജ്രിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. ഹോളിയുമായി ബന്ധപ്പെട്ട ഹോളിക ദഹനത്തെ അനുസ്മരിപ്പിച്ച് ഹോളിയുടെ തലേ ദിവസം തന്നെ കോലം അഗ്നിക്കിരയാക്കിയത് അഴിമതിയുടെ ഹോളിക ദഹനമാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.
തിന്മയുടെ മേൽ നന്മ വിജയം കൈക്കൊള്ളുന്ന ദിവസം എന്ന നിലയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. ഇന്ന് നാം അഴിമതിയുടെ ഹോളിക ദഹിപ്പിച്ചിരിക്കുന്നു. ഡൽഹിയിൽ അഴിമതിയുടെ മുഖമുണ്ടെങ്കിൽ അത് അരവിന്ദ് കെജ്രിവാളിന്റേതാണ്. ഡൽഹിയിലെ ഓരോ പൗരന്റെയും ആഗ്രഹം കെജ്രിവാളിൽ നിന്നും സ്വതന്ത്രമാകുന്ന സംസ്ഥാനവും അഴിമതി രഹിതമായ സർക്കാരുമാണെന്ന് ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ രാജ്യത്തെ കുറിച്ചോ ജനതയുടെ പുരോഗതിയെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് സ്വന്തം നേട്ടങ്ങൾക്ക് മാത്രമായിരുന്നു. ഇക്കാരണത്താൽ തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളായ മന്ത്രിമാരും ജയിലിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജ്രിവാൾ തുടർച്ചയായി നിയമലംഘനം നടത്തിയെന്ന് ബിജെപി നേതാവ് പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഒമ്പതോളം സമൻസുകൾ ഇഡി അയച്ചിട്ടും യാതൊരുവിധ മറുപടിയും കെജ്രിവാളിൽ നിന്നും ഉണ്ടായില്ല. കെജ്രിവാൾ രാജിവയ്ക്കുന്നത് വരെയും പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.