പത്തനംതിട്ട: ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. നെല്ലിമുകൾ സ്വദേശി യശോദരനാണ് മരിച്ചത്. ഏഴ് വർഷമായി കിടപ്പുരോഗിയാണ് യശോദരൻ. വീട് ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് ബാങ്കിൽ നിന്നും കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
ഈ മാസം 23-നാണ് യശോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ കത്തികൊണ്ട് ശരീരത്തിൽ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ മാസം 25-ന് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കിന്റെ നോട്ടീസ് വന്നിരുന്നു. ഇതിൽ മനംനൊന്താണ് യശോദരൻ ആത്മഹത്യ ചെയ്തത്.