ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിക്കുകയാണ്.
അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയം രൂപീകരിക്കാന്‍ കെജ്രിവാള് ഗൂഢാലോചന നടത്തിയെന്നും, ഗോവ തെരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയതിന് തെളിവും, ആം ആദ്മി സ്ഥാനാര്‍ത്ഥിയുടേത് ഉള്‍പ്പെടെ മൊഴിയും ഇഡി ഹാജരാക്കിതയാതി ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പകപോക്കലാണെന്ന കെജ്രിവാളിന്റെ വാദവും ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ മുതിര്‍ത്ത ആം ആദ്മി നേതാവാണ് കെജ്രിവാള്. 2022ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം നടത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.