മലപ്പുറം: കാറിൽ കറങ്ങി എം.ഡി.എം.എ വില്പന നടത്തുന്ന സംഘത്തിലെ യുവതിയും സുഹൃത്തും അറസ്റ്റിൽ. അരീക്കോട് പത്തനാപുരം പള്ളിക്കലിലാണ് ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവർ പൊലീസിന്റെ പിടിയിലായത്. ഇവർ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന 31 ഗ്രാം എം.എഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ദമ്പതികളെന്ന വ്യാജേനയാണ് ഇവരുടെ ലഹരി കടത്ത്. പരിശോധന ഒഴിവാക്കി രക്ഷപ്പെടാൻ വേണ്ടിയാണ് സ്ത്രീകളെ കാരിയർമാരാക്കുന്നത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ഇന്നലെ വൈകിട്ട് 5.30നായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധനയിൽ ഇരുവരും കുടുങ്ങുന്നത്. പതിവായി ലഹരി കടത്തുന്ന സംഘത്തെ പൊലീസ് നിരീക്ഷിച്ചുവരികെയായിരുന്നു. കടത്തു സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.