ലിവിംഗ്സ്റ്റൺ-ബ്രൂക്ക് കൂട്ടുക്കെട്ടിൽ നിലതെറ്റി വീഴാതെ കളി തിരിച്ചുപിടിച്ച ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ അപരാജിതരായി സെമി ഏകദേശം ഉറപ്പിച്ചു. സൂപ്പർ എട്ടിലെ രണ്ടാം ജയത്തോടെയാണ് സെമി ഉറപ്പിച്ചത്. പ്രോട്ടീസ് ഉയർത്തിയ 164 വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ സാധിച്ചുള്ളു.
അവസാന മൂന്നോവറിൽ പ്രോട്ടീസ് നടത്തിയ പ്രകടനമാണ് എങ്ങോട്ട് വേണമെങ്കിലും തിരിയേണ്ട മത്സരത്തെ അവരുടെ വരുതിയിലാക്കിയത്.ടോസ് നഷ്ടമായ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനെ അവർക്കായുള്ളു.
38 പന്തിൽ 65 റൺസെടുത്ത ഡി കോക്കാണ് ടോപ്പ് സ്കോറർ. നാലുവീതം ഫോറും സിക്സും പറത്തിയാണ് ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലായത്. 28 പന്തിൽ 43 റൺസെടുത്ത മില്ലറാണ് മറ്റാെരു ടോപ്പ് സ്കോററർ. ആദ്യ വിക്കറ്റിൽ റീസ ഹെൻഡ്രിക്സിനൊപ്പം 86 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ ക്വിൻ്റൺ ഡി കോക്കിനായിരുന്നു. ഇതിൽ 19 റൺസാണ് ഹെൻഡ്രിക്സിന്റെ സമ്പാദ്യം.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല. പത്തോവറിനിടെ നാലുവിക്കറ്റുകൾ നിലം പൊത്തി 61 റൺസ് എന്ന നിലയിലായിരുന്നു അവർ. അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹാരി ബ്രൂക്ക് -ലിയാം ലിവിംഗ്സ്റ്റൺ സഖ്യമാണ് 78 റൺസടിച്ച് പ്രതീക്ഷകൾ സജീവമാക്കിയത്.
18-ാം ഓവറിൽ ലിവിംഗിസ്റ്റണെ (33) വീഴ്ത്തി റബാദയാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 20-ാം ഓവറിന്റെ ആദ്യ പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിനെ(53) പുറത്താക്കി നോർക്യേ വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. മാർക്രത്തിന്റെ ഉഗ്രൻ ക്യാച്ചിലാണ് ബ്രൂക്ക് പുറത്താകുന്നത്.റബാദയും കേശവ് മഹാരാജും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നോർക്യേക്ക് ഒരു വിക്കറ്റ് ലഭിച്ചു. നേരത്തെ ആർച്ചർ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയിരുന്നു.